ഇടുക്കി: ഓണത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സഹായത്തോടെ കണ്‍സ്യൂമര്‍ഫെഡും സഹകരണസംഘങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സഹകരണ സബ്സിഡി വിപണികള്‍ 16 മുതല്‍ 25 വരെ നടത്തും. ഇതിനായി ചേര്‍ന്ന സഹകരണ സംഘങ്ങളുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും യോഗം ഇടുക്കി ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എം. കലാവതി ഉദ്ഘാടനം ചെയ്തു.
ഇടുക്കി ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.കെ. അനില്‍ അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് റീജനല്‍ മാനേജര്‍ പ്രദീപ്കുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ റോയി വര്‍ഗീസ്, കെ.എച്ച്. അനസ് എന്നിവര്‍ പ്രസംഗിച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ത്രിവേണി സ്റ്റോറുകള്‍, ജില്ലാ ഹോള്‍സെയില്‍ സ്റ്റോറുകള്‍, വിവിധ പ്രാഥമിക സഹകരണ സംഘങ്ങള്‍, പിന്നാക്ക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്സി-എസ്ടി സംഘങ്ങള്‍ എന്നിവ മുഖേന ജില്ലയില്‍ 55 സഹകരണ സംഘങ്ങളിലായി 62 സബ്സിഡി വിപണികള്‍ ആരംഭിക്കും.
പതിമൂന്നിനം നിത്യോപയോഗ സാധനങ്ങള്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള വിലനിലവാരവും അളവുതൂക്കവും മാനദണ്ഡമാക്കി റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ വില്‍പ്പന നടത്തും. സബ്സിഡി സാധനങ്ങളോടൊപ്പം നോണ്‍ സബ്സിഡി പലചരക്ക് ഇനങ്ങളും എഫ്എംസിഡി ഉത്പന്നങ്ങളും പൊതു വിപണിയേക്കാള്‍ 10 ശതമാനം മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കും.
വിപണനകേന്ദ്രത്തില്നിന്നു റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ പ്രതിദിനം പരമാവധി 100 പേര്‍ക്കും ജില്ലാതല വിപണിയില്‍ പ്രതിദിനം 150 പേര്‍ക്കും സബ്സിഡി സാധനങ്ങള്‍ വിതരണം ചെയ്യും. സര്‍ക്കാര്‍ സബ്സിഡിയുള്ള 300 കോടിയുടെ പലചരക്ക് സാധനങ്ങളും 200 കോടിയുടെ നോണ്‍ സബ്സിഡി ഇനങ്ങളുമാണ് കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സഹകരണ മേഖലയില്‍ ഈ വര്‍ഷത്തെ ഓണവിപണിയില്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
12 ഇനം സബ്സിഡി ഇനങ്ങള്‍ ഇ-ടെണ്ടര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ശേഖരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. സബ്സിഡി വിപണിയില്‍ വില്‍പ്പന നടത്തുന്നതിനാവശ്യമായ വെളിച്ചെണ്ണ കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ നേരിട്ടുത്പാദിപ്പിക്കുന്നവ മാത്രമാണ് വില്‍പ്പന നടത്തുന്നത്.
സബ്സിഡി ഇനങ്ങള്‍ ഗോഡൗണുകളില്‍ എത്തുമ്പോള്‍ ഗുണനിലവാര പരിശോധന നടത്തുന്നതിന് ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.